അനുഗ്രഹവര്‍ഷമായി ജീവകാരുണ്യപദ്ധതികള്‍

 അമൃതപുരി (കൊല്ലം): മാതാ അമൃനന്ദമയീ മഠം നടപ്പാക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായി മാറാന്‍ പോകുന്ന രണ്ടു പദ്ധതികള്‍ക്ക് വെള്ളിയാഴ്ച തുടക്കമായി. അമ്മയുടെ 60-ാം പിറന്നാളിനോടനുബന്ധിച്ചു നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ലക്ഷക്കണക്കിന് വിശ്വാസികളുടെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെയും സാന്നിധ്യത്തിലാണ് പദ്ധതികളുടെ സമര്‍പ്പണം നടന്നത്.
ഇന്ത്യയിലുടനീളമുള്ള 101 ഗ്രാമങ്ങള്‍ ദത്തെടുത്ത് അവയെ സ്വയംപര്യാപ്ത മാതൃകാഗ്രാമങ്ങളാക്കി മാറ്റുന്ന ബൃഹത് പദ്ധതിയും പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന ഉത്തരാഖണ്ഡിലെ 42 ഗ്രാമങ്ങളുടെ പുനരധിവാസത്തിനുള്ള 50 കോടിയുടെ പദ്ധതിയുമാണ് വെള്ളിയാഴ്ച തുടക്കമിട്ടതില്‍ പ്രധാനപ്പെട്ടവ. ഉത്തരകാശി, രുദ്രപ്രയാഗ് ജില്ലകളിലെ 500 വീടുകളാണ് ഉത്തരാഖണ്ഡ് പുനരധിവാസ പദ്ധതിയില്‍ പുനര്‍നിര്‍മിച്ചു നല്‍കുക.
‘അമൃതസ്വാശ്രയഗ്രാമം’ എന്നു പേരിട്ട ഗ്രാമങ്ങളുടെ ദത്തെടുക്കല്‍ കേന്ദ്ര ഗതാഗത മന്ത്രി ശ്രീ ഓസ്‌കാര്‍ ഫെര്‍ണാണ്ടസും ഉത്തരാഖണ്ഡ് പുനരധിവാസം കേന്ദ്ര തൊഴില്‍ സഹമന്ത്രി ശ്രീ. കൊടിക്കുന്നില്‍ സുരേഷുമാണ് അമ്മയുടെ സാന്നിധ്യത്തില്‍ നാടിനു സമര്‍പ്പിച്ചത്. ഇവിടങ്ങളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സമ്മതപത്രങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ അതതു സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചെത്തിയ ഗ്രാമീണര്‍ക്ക് കൈമാറി.
ദേശീയതലത്തില്‍ ശ്രദ്ധേയനായ എഴുത്തുകാരന്‍ പ്രൊഫ. മനോജ് ദാസിനും സംസ്ഥാനതലത്തില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരനും ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതി ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ദത്തെടുക്കുന്ന ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ നടപ്പാക്കുന്ന സ്‌കൂള്‍പഠനത്തിനുശേഷമുള്ള ടാബ്‌ലെറ്റ് അധിഷ്ഠിത വിദ്യാഭ്യാസ പരിപാടിയായ ‘റൂറല്‍ ഇന്‍ഡ്യ ടാബ്‌ലെറ്റ് എഡ്യൂക്കേഷന്‍ (റൈറ്റ്)’ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശി തരൂരിന് ടാബ്‌ലെറ്റ് കൈമാറിക്കൊണ്ട് അമ്മ നിര്‍വ്വഹിച്ചു. വയോജനങ്ങള്‍ക്കുള്ള സാക്ഷരതാ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. നിലവില്‍ 59,000 പേര്‍ക്ക് ലഭ്യമാക്കുന്ന അമൃതനിധി പെന്‍ഷന്‍ 10,000 പേര്‍ക്കു കൂടി ലഭ്യമാക്കുന്ന പദ്ധതിയും 49,000 പേര്‍ക്ക് നല്‍കി വരുന്ന വിദ്യാമൃതം സ്‌കോളര്‍ഷിപ്പ് 54,000 പേര്‍ക്കായി കൂട്ടുന്നതിന്റെ ഉദ്ഘാടനവും അമ്മയുടെ സാന്നിധ്യത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. കെ.ശങ്കരനാരായണനും കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസും നിര്‍വ്വഹിച്ചു.
സ്വാമി അമൃതസ്വരൂപാനന്ദപുരി രചിച്ച ‘കളേഴ്‌സ് ഓഫ് റെയ്ന്‍ബോ’, യുഎസ്എയിലെ മാതാ അമൃതാനന്ദമയി സെന്റര്‍ പ്രസിഡന്റ് റോണ്‍ ഗോട്‌സ്ജന് നല്‍കി ഡോ.ശശി തരൂര്‍ പ്രകാശനം ചെയ്തു. സ്വാമി തുരീയാനന്ദപുരി രചിച്ച ‘ഗുരുശിഷ്യ ബന്ധം, ഒരു ഹൃദയലയനം’ എന്ന പുസ്തകം കോണ്‍ഗ്രസ് നേതാവ് ശ്രീ ജഗദംബിക പാലിനും സ്വാമിനി കൃഷ്ണാമൃത പ്രാണ രചിച്ച ‘ഫ്രാഗ്രന്‍സ് ഓഫ് പ്യുവര്‍ ലൗ’  ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കി അമ്മ പ്രകാശനം ചെയ്തു. അമൃതവര്‍ഷം 60 മാതൃവാണി സ്മരണിക തിരുവഞ്ചൂരിനു നല്‍കി അമ്മ പ്രകാശനം ചെയ്തു. അമ്മയുടെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും അവ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനങ്ങളേയും പറ്റി ഭാരതീയ വിചാരകേന്ദ്രം നടത്തിയ പഠനത്തിന്റെ വിശദമായ പുസ്തകരൂപം മുന്‍ കേന്ദ്ര മന്ത്രി ശ്രീ ഒ. രാജഗോപാല്‍ പ്രകാശനം ചെയ്തു.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കല്‍, ഹൃദയ ശസ്ത്രക്രിയ, അര്‍ബുദ ചികില്‍സ തുടങ്ങിയവ നടത്താനുള്ള കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ 50 കോടി രൂപയുടെ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ചികില്‍സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. കെ.ശങ്കരനാരായണന്‍, കേന്ദ്ര ഗതാഗത മന്ത്രി ശ്രീ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ കൈമാറി. ആലപ്പുഴയിലെ ബോട്ട് അപകടത്തില്‍ മരിച്ച ഒമ്പതു പേരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഒരു ലക്ഷം രൂപ വീതമുള്ള ധനസഹായം കേന്ദ്ര മന്ത്രി ശ്രീ. ശശി തരൂര്‍ കൈമാറി. ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിന് യുവാക്കളെ സജ്ജരാക്കുന്ന ‘അമൃത ലിവ്-ഇന്‍-ലാബ്‌സ്’ പദ്ധതിക്കായി അമൃത വിദ്യാപീഠവും കാലിഫോര്‍ണിയ സര്‍വ്വകലാശാലയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം ചടങ്ങില്‍ അമ്മയ്ക്ക് സമര്‍പ്പിച്ചു.
ഉദ്ഘാടനപരിപാടികള്‍ക്കു ശേഷം 108 വധൂവരന്മാരുടെ സമൂഹവിവാഹത്തിനും അമ്മ കാര്‍മികത്വം വഹിച്ചു. ഈ വിവാഹങ്ങളുടെ ആഭരണങ്ങള്‍ അടക്കമുള്ള മുഴുവന്‍ ചെലവും മഠമാണ് വഹിച്ചത്.
കേന്ദ്ര സഹമന്ത്രിമാരായ പ്രൊഫ. കെ.വി.തോമസ്, ശ്രീ. കെ.സി.വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ ശ്രീ കെ എം മാണി, ശ്രീ വി എസ് ശിവകുമാര്‍, ശ്രീ. അനൂപ് ജേക്കബ്, കുമാരി പി കെ ജയലക്ഷ്മി, ശ്രീ. എന്‍. പീതാംബര കുറുപ്പ് എം.പി, എം.എല്‍.എമാരായ കെപിസിസി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല, ശ്രീ. സി.ദിവാകരന്‍, ശ്രീ. പളനിസ്വാമി (തമിഴ്‌നാട്), ശ്രീമതി ഷൈല റാണി റാവത്ത് (കേദാര്‍നാഥ്), ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ശ്രീ ആര്‍. ചന്ദ്രശേഖരന്‍, ഉത്തരാഖണ്ഡ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ ആനന്ദ് സിംഗ് റാവത്ത്, പന്മന ആശ്രമത്തിലെ സ്വാമി പ്രണവാനന്ദ തീര്‍ഥ, ധീവരസഭ നേതാവ് ശ്രീ കെ.കെ. രാധാകൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.