അതിക്രമങ്ങളില്‍ നിന്നു സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി അമൃതയുടെ ‘സൈബര്‍ സെക്യൂരിറ്റി ഡിവൈസ്’

24/9/2013 അമൃതപുരി (കൊല്ലം):
അതിക്രമങ്ങളില്‍ നിന്നു സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ആഭരണരൂപത്തില്‍ ധരിക്കാവുന്ന സൈബര്‍ സുരക്ഷാ ഉപകരണം പുറത്തിറക്കുകയാണ് അമൃത സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി. അമൃത പേഴ്‌സണല്‍ സെക്യൂരിറ്റി സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന്റെ ആദ്യരൂപം മാതാ അമൃതാനന്ദമയി ദേവിയുടെ അറുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കും. 
കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തെ നടുക്കി ഡല്‍ഹിയില്‍ സംഭവിച്ച മാനഭംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഒരു വിഭാഗം യുവ സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലുകള്‍ ഇത്തരമൊരു ഉപകരണത്തിനായി ശ്രമം തുടങ്ങിയത്. ഏതുതരത്തിലുള്ള അക്രമത്തിനിടയിലും അക്രമി അറിയാതെ സ്ത്രീകള്‍ക്ക് സഹായാഭ്യര്‍ഥന നടത്താനുതകുന്ന ഒന്നാണ് ഈ ഉപകരണം. 
പുറത്തു കാണാനാകാത്തവിധം ധരിക്കാവുന്നതും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ഇലക്ട്രോണിക് ഉപകരണമാണിത്. അതുകൊണ്ടുതന്നെ അക്രമിയുടെ ശ്രദ്ധയില്‍പെടാതെ പൊലീസിനോ കുടുംബാംഗങ്ങള്‍ക്കോ അപകടസന്ദേശം അയക്കാനാകും വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്ന് അമൃത യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് ഡയറക്ടര്‍ ഡോ. കൃഷ്ണശ്രീ അച്യുതന്‍ പറഞ്ഞു. 
സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യാനും ഒരു ബട്ടണ്‍ പ്രസ് ചെയ്താലുടന്‍ ആശയവിനിമയം നടത്താനും കഴിയും.  ഈ ഉപകരണം വഴി ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് എസ്എംഎസ്, വോയ്‌സ് കോള്‍ എന്നിവയും സാധ്യമാകും. അതോടൊപ്പം തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍, ആശുപത്രി, ഫയര്‍ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വയം വിവരം കൈമാറുകയും ചെയ്യുമെന്ന് ഡോ.കൃഷ്ണശ്രീ പറഞ്ഞു. 
      കമ്മലിലോ മോതിരത്തിലോ സുരക്ഷിതമായി ഘടിപ്പിക്കാനുതകും വിധത്തിലാണ് ഇതിന്റെ രൂപകല്‍പന. ചെലവുകുറഞ്ഞ രീതിയില്‍ രൂപകല്‍പന ചെയ്യുന്ന ഈ ഉപകരണത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനാകുന്ന സംവിധാനവും വൈകാതെ വികസിപ്പിച്ചെടുക്കുമെന്ന് ഡോ. കൃഷ്ണശ്രീ പറഞ്ഞു. ആശയവിനിമയസൗകര്യങ്ങള്‍ കുറവായ ഉള്‍പ്രദേശങ്ങളില്‍പോലും ഇത് പ്രവര്‍ത്തിപ്പിക്കാനാകും. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്ക് അകത്തും പുറത്തും ഇത് പ്രവര്‍ത്തിപ്പിക്കാനാകും. 
സ്ത്രീകളുടെ സുരക്ഷിതത്വം ലക്ഷ്യമിട്ട് 15ലധികം പ്രത്യേകതകളോടെയാണ് ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മാനസ്സിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്നവര്‍ക്കും ഇതുപയോഗിച്ചാല്‍ അവരെവിടെയാണുള്ളതെന്നും മറ്റും പെട്ടെന്നു മനസ്സിലാക്കാനാകും. സ്ത്രീകള്‍, പെണ്‍കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി സംരക്ഷണം ആവശ്യമുള്ള ആര്‍ക്കും ഉപയോഗിക്കാനാകുന്ന ഒന്നാണിതെന്ന് ഡോ.കൃഷ്ണശ്രീ ചൂണ്ടിക്കാട്ടി. മാതാ അമൃതാനന്ദമയി ദേവിയുടെ നിര്‍ദ്ദേശാനുസരണമാണ്, അപകടാവസ്ഥകളില്‍ സ്ത്രീകള്‍ക്ക് പൊലീസിനേയും ബന്ധുക്കളേയും ബന്ധപ്പെടാനാകുന്നതും പുറത്തു കാണാത്തവിധത്തില്‍ ധരിക്കാവുന്നതുമായ ഉപകരണം വികസിപ്പിച്ചെടുത്തതെന്ന് ഡോ.കൃഷ്ണശ്രീ പറഞ്ഞു.